ഫോട്ടോ കൂട്ടായ്മ

ഇക്കാലത്ത് ക്യാമറ കൈവശമില്ലാത്തവർ തീരെയുണ്ടാവില്ല. വിലകൂടിയ SLR ക്യാമറകളും പോക്കറ്റിലൊതുക്കാവുന്ന ചെറിയ ക്യാമറകളും മൊബൈൽ ഫോൺ ക്യാമറകളും ഇന്ന് സുലഭം. ഒട്ടനവധി മലയാളികൾ ഫോട്ടോഗ്രാഫി ഒരു ഹോബിയായി കൊണ്ടു നടക്കുന്നുണ്ട്. ചിലർ പ്രൊഫഷണലുകളെപ്പോലും കവച്ചു വയ്ക്കുന്ന പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. മനസ്സിന് സംതൃപ്തി തരുന്ന ചിത്രങ്ങൾ എടുക്കാൻ കഴിയുന്നത് കുളിർമ്മയേറിയ അനുഭവമാണ്.

അയർലാന്റിൽ താമസിയ്ക്കുന്ന ഒട്ടനവധി മലയാളികൾ ഫോട്ടോഗ്രാഫിയിൽ താത്പര്യമുള്ളവരാണ്. ഒട്ടുമിയ്ക്കവാറും എല്ലാവരുടെയും കയ്യിൽ ഒരു SLR ക്യാമറയോ അല്ലെങ്കിൽ അതിനോട് ചേർന്ന് നിൽക്കുന്ന point and shoot ക്യാമറയോ ഉണ്ട്. പലരും ചിത്രങ്ങൾ എടുക്കുകയും ഓൺലൈൻ ഗ്യാലറികളിൽ പ്രദർശിപ്പിയ്ക്കുകയും ചെയ്യുന്നുണ്ട്. വേറെ ചിലർ എടുക്കുന്ന ചിത്രങ്ങൾ കമ്പ്യൂട്ടറിൽ മാത്രം സൂക്ഷിയ്ക്കുന്നവരാണ്. മറ്റു കുറച്ച് പേർക്ക് ക്യാമറയുടെ സാങ്കേതിക വശങ്ങൾ പരിചയമില്ലാത്തതുകൊണ്ട് ചിത്രങ്ങൾ അധികം എടുക്കാറുമില്ല.
ഇങ്ങിനെ പലതരക്കാരായ ഫോട്ടോഗ്രാഫി തത്പരരെ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് എല്ലാവരുടെയും സർഗശേഷിയെ ഉണർത്താൻ കഴിയുമെന്ന് കരുതുന്നു.

ഈ ഒരു കൂട്ടായ്മ വഴി ഫോട്ടോഗ്രാഫിയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് മനസ്സിലാക്കാനും പരസ്പരസഹകരണം വഴി കൂടുതൽ അറിവുകൾ സ്വായത്തമാക്കാനും സാധിയ്ക്കും. പുതിയ ഉപകരണങ്ങൾ വാങ്ങാൻ താത്പര്യമുള്ളവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാനോ, അവർ വാങ്ങിയ്ക്കാനുദ്ദേശിയ്ക്കുന്ന ക്യാമറയെക്കുറിച്ചോ ലെൻസുകളെക്കുറിച്ചോ അറിവുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിയ്ക്കാനോ കഴിയും.  ഈ ഭൂപ്രകൃതിയുടെ ചിത്രങ്ങൾ ഒപ്പിയെടുക്കാൻ ഒത്തുചേർന്നുള്ള ഫോട്ടോ യാത്രകൾ നടത്താനും എടുത്ത ചിത്രങ്ങൾ പരസ്പരം കണ്ട് വിലയിരുത്താനും ഈ കൂട്ടായ്മ വഴി സാധിയ്ക്കും. ഈ കൂട്ടായ്മയിൽ നിന്ന് നേടുന്ന പുതിയ സൗഹൃദങ്ങൾ വിലയേറിയ സർഗ്ഗസൃഷ്ടികൾ നടത്തുമെന്നതിന് സംശയം വേണ്ട.

ഈ കൂട്ടായ്മയ്ക്ക് വ്യക്തമായ ഒരു ചട്ടക്കൂടിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നിരന്തരം മാറിക്കൊണ്ടിരിയ്ക്കുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഉരുത്തിരിയുന്ന ഒരു സഹകരണം ആയിരിയ്ക്കണം ഈ കൂട്ടായ്മയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഈ കൂട്ടായ്മക്ക് ഒരു സംഘടനാ രൂപമോ വരിസംഖ്യയോ ഇല്ല. പൊതുവായി താത്പര്യമുള്ള ഒരു സ്ഥലത്ത് ഒത്തുചേരുകയും ഫോട്ടോഗ്രാഫിയെക്കുറിച്ച് ചർച്ച ചെയ്യുകയും മികച്ച ചിതങ്ങൾ എടുക്കുകയും പൊതുവെ മികച്ചവ എന്ന പേരുകേട്ട ചിത്രങ്ങൾ പരിചയപ്പെടാൻ ശ്രമിയ്ക്കുകയും വേണം.

 നല്ല ചിത്രങ്ങൾ എടുക്കാൻ കഴിയണമെങ്കിൽ സ്വയം നല്ല ഒരു ആസ്വാദകനായാൽ മാത്രമേ കഴിയൂ.

ഈ കൂട്ടായ്മയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ kazhchaireland@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടുക.